ബോയ്സ് ടൗൺ (വയനാട്): പേര്യ ചുരം കർമ സമിതിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.പ്രകൃതി ദുരന്തത്തെ തുടർന്ന് ജൂലൈ 30ന് ബാവലി മാനന്തവാടി തലശ്ശേരി അന്തർ സംസ്ഥാന റോഡിലെ പേര്യ ചുരത്തിൽ വിള്ളൽ വീണിരുന്നു. ഇതിനെ തുടർന്ന് 82 ദിവസമായി റോഡിൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. പണികൾ തുടങ്ങിയെങ്കിലും മുടങ്ങി. ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം ഇല്ലായ്മയും അശാസ്ത്രീയമായ മണ്ണെടുപ്പും കാരണം വീണ്ടും റോഡ് തകർന്നു കൊണ്ടിരിക്കുകയാണ് എന്ന് ആരോപിച്ചാണ് കർമസമിതിയുടെ നേതൃത്വത്തിൽ ബോയ്സ് ടൗണിൽ റോഡ് ഉപരോധിച്ചത്. ഉപരോധ സമരം സിപിഎം മാനന്തവാടി ഏരിയ സെക്രട്ടറി പി.ടി. ബിജു ഉദ്ഘാടനം ചെയ്തു. തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോസ് പാറക്കൽ, കൺവീനർ ടി.പ്രേംജിത്ത്, മുൻമന്ത്രി പി കെ. ജയലക്ഷ്മി, ജില്ല പഞ്ചായത്ത് അംഗം മീനാക്ഷി രാമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സല്‍മ മോയി, വാർഡ് മെമ്പർ സ്വപ്ന പ്രൻസ്, ആനി ബസൻ്റ്, ഷിജി ഷാജി, സുമത അച്ചപ്പൻ, ജോസ് കൈനിക്കുന്നേൽ തുടങ്ങിയവരും വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ ബാബു ഷജിൽ കുമാർ, ജയിംസ് അടപ്പൂർ, റഫീക്ക്, നിസാമുദീൻ തുടങ്ങിയവരും പ്രസംഗിച്ചു. ഒരു മണിക്കൂറാേബം റോഡ് ഉപരോധിച്ചതിനാൽ വയനാട്- കണ്ണൂർ ജില്ലകളിലേക്കുള്ള ഏക പാതയായ കൊട്ടിയൂർ ബോയ്സ് ടൗൺ ചുരം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
The strike of Peya Churam Karma Samiti blocked the way to Wayanad.